Sunday, April 29, 2012

ഒരു പഴയ ഡയറിക്കുറിപ്പ്‌ 15-1-12

             
                പ്രൊജക്റ്റ്‌ എഴുതണം എന്ന് കരുതി രാവിലെ ഇരുന്നതാണ്. "ശല്ല്യം" ചെയ്യാന്‍ കുരുവികള്‍ ആദ്യം എത്തി. അരികില്‍ ക്യാമറ ഉണ്ടായിരുന്നു, ഞാന്‍ എടുത്തില്ല, കിളികളെ നോക്കാനും പോയില്ല. പഠനമാണ് മുഖ്യം. പക്ഷെ പ്രോജെക്ടില്‍  ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. 



               അപ്പോഴാണ്‌ അര്‍ദ്ധ നഗ്ന്നയായ കണിക്കൊന്നയിലെ അണ്ണാറക്കണ്ണന്‍ എന്റെ കണ്ണില്‍ പെട്ടത്. മുരിങ്ങക്കായ പോലെ തൂങ്ങിക്കിടക്കുന്ന കണിക്കൊന്ന കായ്കള്‍ അവ ഉണങ്ങിയവയാണ്. അതിലെ അരികള്‍ തിന്നുകയാണ് അവന്‍. ഇനിയും മനസ്സിനെ നിയന്ത്രിക്കാന്‍ എനിക്കാവില്ല. പ്രോജെക്റ്റ്‌ നാളെ എഴുതാം. ഞാന്‍ ക്യാമറയുമായി അവനോടൊപ്പം ചേര്‍ന്നു. 
തലകീഴായും ചാഞ്ഞും ചെരിഞ്ഞും എല്ലാം അത് കൊമ്പുകളില്‍ ചാടി  കളിച്ചു. അത് എനിക്ക് വേണ്ടി പോസ് ചെയ്യുകയാണ് എന്ന് ഞാന്‍ വെറുതെ അഹങ്കരിച്ചു. കുറെ ചിത്രങ്ങളെടുത്ത് ഞാന്‍ തിരികെ വന്നു എഴുതാനിരുന്നു. 



               മരചില്ലകള്‍ക്കിടയില്‍ ചുവന്ന കണ്ണുമായി ഒരു പുള്ളിക്കുയില്‍. സമ്മതിക്കില്ല. ഞാന്‍ വീണ്ടും ക്യാമറ എടുത്തു. പിന്നീട് കുരുവി, ഉപ്പന്‍, മൈന അങ്ങനെ പലതും. ഒടുവില്‍ എഴുത്ത് നടക്കില്ല എന്ന് ഉറപ്പായി. ഒടുവില്‍ ഞാന്‍ ഒരു മരത്തില്‍ ഇരിപ്പുറപ്പിച്ചു. സാധാരണ ഞാന്‍ അവിടെ ഇരുന്നാല്‍ കിളികള്‍ ഒന്നും അടുത്ത വരില്ല. ഇന്ന് പതിവിനു വിപരീതമായി മൂന്നു നാല് കുരുവികള്‍ എന്റെ അടുത്ത വന്നു. അതിലൊരു കുരുവി മരത്തിലെ ചെറു പഴം കൊത്തി ചുണ്ടില്‍ വച്ചിരിക്കുന്നു. അത് കടിച് പൊട്ടിക്കാന്‍ പാവം ബുദ്ധിമുട്ടുന്നു. അകത്താക്കാനോ  തുപ്പാനോ  വയ്യാത്ത സ്ഥിതി. ഒടുവില്‍ അത് ആ കായ്ക്കുള്ളിലെ മധുരമുള്ള ചാറ് ഊറ്റിക്കുടിച്ചു. താഴത്തെ കൊമ്പില്‍ ഒരു ഓലേഞ്ഞാലി ഇരുന്നത് ഞാന്‍ കണ്ടില്ല. കുരുവിയോടൊപ്പം തിരക്കിലായതിനാല്‍ ഞാന്‍ ശ്രദ്ധിച്ചില്ല. എന്നോട് അത് പിണങ്ങിയെന്നു തോന്നുന്നു. എന്തൊക്കെയോ എന്നെ പറഞ്ഞു കൊണ്ട് അത് ദൂരേക്ക്‌ പറന്നു പോയി. കാക്കയും കുരുവിയും കരിയിലക്കിളികളും ഒക്കെ ഇപ്പോഴും എന്നെ സുഖകരമായി ശല്ല്യം ചെയ്യുന്നു. 

              പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ഓരോ ജീവിക്കും എന്തെല്ലാം അനുകൂലനങ്ങള്‍ ആണ്. മരത്തിലെ കായ്കള്‍ തിന്നുന്നവക്ക് ചെറിയ ചുണ്ടുകള്‍, തേന്‍ കുടിക്കുന്നവക്ക് നീണ്ട ചുണ്ടുകള്‍. 

              പുള്ളിക്കുയില്‍ വീണ്ടും വന്നു. അത് മുറ്റത്തെ മുള്ള് വേങ്ങയില്‍ ഇരിക്കുന്നു. ഒരു ശലഭം പൂക്കളില്‍ നിന്ന് പൂ പോലും അറിയാതെ തേന്‍ കുടിക്കുന്നു. അണ്ണാന്‍ മരക്കൊമ്പുകളില്‍ ചാടിക്കളിക്കുന്നു. 

                മുള്ളുവേങ്ങയുടെ ഇലകളെല്ലാം പുഴുക്കള്‍ തിന്നിരിക്കുന്നു. തിന്നോട്ടെ... "ആ പുഴുക്കലെല്ലാം ഒരു നാള്‍ പറന്നു വരും".. ദൂരെ കുരുവികള്‍ പൂക്കളില്‍ നിന്ന് തേന്‍ നുകര്‍ന്ന് കളിക്കുന്നു. ക്യാമറക്ക് കന്നുകലെക്കാള്‍ പരിമിതികള്‍ ഉണ്ട്. മനസ്സിനൊപ്പം എത്താന്‍ കന്നിനാവും ക്യാമറക്ക് ആവില്ല. കണ്ണ്  ഉപയോഗിച്ച ഞാന്‍ അവയെല്ലാം മനസ്സില്‍ പകര്‍ത്തി. 

                 കാട്ടിലേക്ക് പോകും മുന്പ് നാട്ടില്‍ നിന്ന് തുടങ്ങാം.. പ്രകൃതിയെ അറിയാനുള്ള ബാല പാഠങ്ങള്‍ ഇവിടെ തുടങ്ങാം...

                പൂക്കള്‍ക്ക് നോവാതെ പൂന്കൊമ്പ് ഓടിയാതെയും എങ്ങനെ തേന്‍ കുടിക്കുന്നു എന്നും, ചെടി പോലുമറിയാതെ കായ്കള്‍ തിന്നുന്നുവെന്നും നമുക്ക് പഠിക്കാം... സഹജീവിയെ വേദനിപ്പിക്കാതെ ജീവിക്കാന്‍ പഠിക്കാം.. "പ്രകൃതിയെന്ന പാഠപുസ്തകത്തില്‍" നിന്ന്... മനുഷ്യന്‍ ഒഴികെയുള്ള സമസ്ത ജീവെജാലങ്ങളില്‍ നിന്നും പഠിക്കാനുണ്ട്....ഒരുപാട്....

Saturday, April 28, 2012

ഇത് സൗഹൃദം...



ഞങ്ങള്‍ ഒന്നിച്ച് നടന്നു 
നീ പറഞ്ഞു ഞങ്ങള്‍ പ്രണയത്തിലാണെന്ന് 
ഞങ്ങള്‍ ഒന്നിച്ച് പഠിച്ചു 
നീ പറഞ്ഞു ഞങ്ങള്‍ പ്രണയത്തിലാണെന്ന് 

ഞങ്ങള്‍ മനസ്സ് പങ്ക് വച്ചു
നീ കരുതി ഞങ്ങള്‍ കമിതാക്കളാണെന്ന് 
ഞങ്ങള്‍ ഒന്നിച്ച സ്വോപ്നം കണ്ടു 
നീ കരുതി ഞങ്ങള്‍ പ്രണയത്തിലാണെന്ന് 




പക്ഷെ, നീ അറിയുന്നില്ലല്ലോ 
ഞങ്ങള്‍ "വെറും പ്രണയത്തിലല്ലെന്നു"
നീ ഇത് അറിഞ്ഞോളൂ 
ഞങ്ങള്‍ സുഹൃത്തുക്കളാണ്