Saturday, November 30, 2013

ഒരു ക്ലാസ്സനുഭവം


        പലപ്പോഴും പലയിടങ്ങളിലും ജ്യോതിശാസ്ത്ര ക്ലാസ്സുകൾ എടുത്തിട്ടുണ്ടെങ്ങിലും ക്ലാസ്സൊരു വല്ലാത്ത അനുഭവമായി തോന്നിയത് അന്നാദ്യമാണ് . എൽ പി തലത്തിലെ കുട്ടുകാർക്ക്  ക്ലാസ്സെടുക്കാൻ അന്നാദ്യമായാണ് ഞാൻ പോകുന്നത്.. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ക്ലാസ്സ്നുഭവമായിരുന്നു  അത്. "ഐസൊണ്‍ വാൽനക്ഷത്രമാ"യിരുന്നു വിഷയം.. കുട്ടികള്ക്ക് അവരുടേതായ സ്വാതന്ത്ര്യം കൊടുത്തപ്പോൾ അവരെല്ലാവരും നന്നായ് ക്ലാസ് ആസ്വദിക്കാൻ തുടങ്ങി.. സധൈര്യം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. പലപ്പോഴും പെട്ടുപോകുമോ എന്ന് പോലും ഭയപ്പെട്ടിരുന്നു.. ഭാഗ്യം എന്തായാലും അതുണ്ടായില്ല. ഒടുവിൽ ഞങ്ങളെല്ലാവരും ചേർന്ന് പാട്ടൊക്കെ പാടിയാണ് ക്ലാസ് അവസാനിപ്പിച്ചത്.. യാതൊരു മടിയുമില്ലാതെ വന്നു പാടി.. ഒരുപാടു കൂട്ടുകാർ
 
ഇതിലെല്ലാം രസം ക്ലാസ്സൊക്കെ കഴിഞ്ഞ് കുറെ കൂട്ടുകാര് എന്റടുത്ത് വന്നു വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.. ചേട്ടൻ എങ്ങനാ ഇതൊക്കെ പഠിച്ചത്? വീട്ടില് ആരോക്കെയുണ്ട് ?.. വലുതാകുമ്പോ ആരാകാനാ ഇഷ്ടം? ഞാനും വെറുതെയിരുന്നില്ല.. ഞാനും വെറുതെ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.. എങ്ങനെയുണ്ടായിരുന്നു പഠിപ്പിച്ചച്ചതൊക്കെ മനസ്സിലായോ എന്നൊരു ചോദ്യം കൂടി ഞാൻ അതിനിടയിലൂടെ ചോദിച്ചു.. (എങ്ങനുണ്ടെന്ന്  അറിയണമല്ലോ..) എല്ലാവരും മനസിലായി നന്നായി തുടങ്ങിയ പ്രതീക്ഷിത മറുപടികൾ തന്നു.. എനിക്ക് ഭയങ്കര സന്തോഷം .. അതിനിടയിൽ ഒരു കൊച്ചു മിടുക്കി.. പറയുവാ ചേട്ടന്റെ ക്ലാസ്സിനു ഒരു വല്ല്യ കുഴപ്പമുണ്ട് .. ഞാനൊന്ന് ഞെട്ടി.. എന്റമ്മോ.. എന്താ ഞാനും ചോദിച്ചു..
പക്ഷെ അന്ന് ഞാൻ രണ്ട് കാര്യങ്ങൾ മനസ്സിലാക്കി പഠിപ്പിക്കാൻ   ഏറ്റവും രസമുള്ളതും ഏറ്റവും ബുദ്ധിമുട്ടുള്ളതും കൊച്ചു കൂട്ടുകാരെയാണ്.. അവർ  ചോദ്യങ്ങൾ  ചോദിക്കാൻ തുടങ്ങിയാപിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുല്ല..

"ചേട്ടൻ പലതും പഠിപ്പിച്ചപ്പോ അതിനിടയിൽ പറഞ്ഞില്ലേ നിങ്ങള്ക്കിതോന്നും ഇപ്പൊ മനസിലാവില്ല വലിയക്ലാസ്സിലാകുമ്പോ പറ്റിക്കുമെന്ന്.. അങ്ങനെ പറയരുത് .. അങ്ങനെ പറയുമ്പോ ഞങ്ങളൊക്കെ കൊച്ചു കുട്ടികളാണെന്നും  ചേട്ടനൊക്കെ എല്ലാം അറിയാവുന്നവരാണെന്നും തോന്നും.. അത് സങ്കടാണ്.. "

ഒരു നിമിഷം എന്ത് പറയണം എന്ന എനിക്കും അറിയില്ലാരുന്നു... നാലാം ക്ലാസ്സിൽ പഠിക്കുന്ന ആ കൊച്ചുകുട്ടുകാരി  എന്റെ ക്ലാസ്സിനെക്കുറിച്ച് എത്ര കൃത്യമായ വിമർശനമാണ്‌ ഉന്നയിച്ചത്.. വല്ല്യ "വിദ്യ-അഭ്യാസ" വിമർശകർ പോലും ആ ക്ലാസ് കേട്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലാരുന്നു.. "മിടുക്കി മിടുമിടുക്കി.."
കൊച്ചുകുട്ടുകാർക്ക് മാത്രം കഴിയുന്ന ഒന്നാണ് ഇത്ര നിഷ്കളങ്കമായി സത്യസന്ധമായി പ്രതികരിക്കാൻ കഴിയൽ.. വലുതാകുംതോറും നമ്മളിൽ നിന്ന് ഇല്ലാതാകുന്നതും ഇത് തന്നെ.. ഒരുപാട് സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട് പലതും അറുബോരായിരുന്നിട്ടു കുടി അത് മോശമാണ് എന്ന് പറയാൻ എന്റെ നാവു പോങ്ങിയിട്ടില്ല.. കഴിഞ്ഞ പതിനഞ്ചു കൊല്ലത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഞാൻ നേടിയതും ആ ഗുണം തന്നെ...  ഒരു പക്ഷെ ഇതേ ക്ലാസ് ഞാൻ ഹൈസ്കൂളിൽ എടുത്തിരുന്നെങ്കിൽ എല്ലാവരും നല്ലതെന്ന് പറഞ്ഞ് പോകുമാരുന്നു. എന്റെ മിടുക്കിക്കുട്ടീ നീ എനിക്ക് തന്നത് വല്ല്യൊരുൾക്കാഴ്ച്ചയാണു.. മറ്റ് പല "വലിയവർക്കും" തരാൻ കഴിയാതിരുന്നത്.. നിന്റെ മുന്നില് , നിങ്ങളുടെ മുന്നില് ഞങ്ങൾ വളരെ ചെറുതാണ്..